Month: ഡിസംബര് 2020

ആര്‍ക്കാണ് എന്നെ ആവശ്യമുള്ളത്?

വാഷിംഗ്ടണ്‍ ഡിസിയിലേക്ക് ഒരു രാത്രി വിമാന യാത്രയ്ക്കിടെ, അഭിപ്രായ എഴുത്തുകാരന്‍ ആര്‍തര്‍ ബ്രൂക്‌സ് ഒരു വൃദ്ധയായ സ്ത്രീ തന്റെ ഭര്‍ത്താവിനോട് ഇപ്രകാരം മന്ത്രിക്കുന്നത് കേട്ടു, ''ഇനി ആര്‍ക്കും നിങ്ങളെ ആവശ്യമില്ലെന്നത് ശരിയല്ല.'' താന്‍ മരിച്ചാല്‍ മതിയായിരുന്നു എന്നോ മറ്റോ ആ മനുഷ്യന്‍ പിറുപിറുത്തപ്പോള്‍ ഭാര്യ പറഞ്ഞു, ''ഓ, ആ സംസാരം നിര്‍ത്തുക.'' യാത്ര അവസാനിച്ചപ്പോള്‍ ബ്രൂക്ക്‌സ് തിരിഞ്ഞുനോക്കി ആ മനുഷ്യനെ തിരിച്ചറിഞ്ഞു. ലോകപ്രശസ്തനായ ഒരു വീരപുരുഷനായിരുന്നു അത്. മറ്റ് യാത്രക്കാര്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചു കുലുക്കി, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം പ്രകടിപ്പിച്ച ധൈര്യത്തിന് പൈലറ്റ് നന്ദി പറഞ്ഞു. ഈ ഭീമന്‍ എങ്ങനെയാണ് നിരാശയില്‍ മുങ്ങിയത്?

ഏലീയാ പ്രവാചകന്‍ ബാലിന്റെ 450 പ്രവാചകന്മാരെ ധൈര്യത്തോടെ ഒറ്റയ്ക്ക് നേരിട്ടു പരാജയപ്പെടുത്തി - അല്ലെങ്കില്‍ അവന്‍ അങ്ങനെ വിചാരിച്ചു (1 രാജാക്കന്മാര്‍ 18). എങ്കിലും അവന്‍ അത് ഒറ്റയ്ക്കല്ല ചെയ്തത്; ദൈവം അവന്റെ കൂടെ ഉണ്ടായിരുന്നു! എന്നാല്‍ പിന്നീട്, താന്‍ തനിച്ചായി എന്നു തോന്നിയ അവന്‍ തന്റെ ജീവനെടുക്കാന്‍ ദൈവത്തോട് ആവശ്യപ്പെട്ടു.

ദൈവം ഏലീയാവിനെ തന്റെ സന്നിധിയിലേക്കു കൊണ്ടുവരികയും അവനു സേവിക്കാനായി പുതിയ ആളുകളെ നല്‍കുകയും ചെയ്തുകൊണ്ട് അവന്റെ ഹൃദയത്തെ ധൈര്യപ്പെടുത്തി. അവന്‍ ചെന്ന് 'ഹസായേലിനെ അരാമിനു രാജാവായി അഭിഷേകം' ചെയ്യണം. 'യേഹൂവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണം,' എലീശായെ അവനു 'പകരം പ്രവാചകനായി അഭിഷേകം' ചെയ്യണം (19:15-16). പുതുക്കിയ ഉദ്ദേശ്യത്തോടെ പ്രചോദിതനായ ഏലീയാവ് തന്റെ പിന്‍ഗാമിയെ കണ്ടെത്തി പരിശീലിപ്പിച്ചു.

നിങ്ങളുടെ മികച്ച വിജയങ്ങള്‍ റിയര്‍വ്യു മിററില്‍ ഉണ്ടായിരിക്കാം. നിങ്ങളുടെ ജീവിതം അതിന്റെ ഉച്ചകോടിയില്‍ എത്തിയതായി നിങ്ങള്‍ക്ക് തോന്നാം, അല്ലെങ്കില്‍ അതൊരിക്കലും സംഭവിച്ചിട്ടില്ലായിരിക്കാം. സാരമില്ല. ചുറ്റും നോക്കുക. പോരാട്ടങ്ങള്‍ ചെറുതാണെന്ന് തോന്നിയേക്കാം, ഓഹരികള്‍ ഉറപ്പില്ലാത്തതാകാം, പക്ഷേ നിങ്ങളെ ആവശ്യമുള്ള മറ്റു ചിലരുണ്ട്. യേശുവിനുവേണ്ടി അവരെ നന്നായി സേവിക്കുക, അത് കണക്കാക്കപ്പെടും. അവയാണ് നിങ്ങളുടെ ഉദ്ദേശ്യം - കാരണം നിങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.

ലോകത്തിന് സന്തോഷം

ഓരോ ക്രിസ്തുമസിനും ലോകമെമ്പാടുനിന്നുമുള്ള തിരുപ്പിറവി രംഗങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ ഞങ്ങളുടെ വീട് അലങ്കരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു ജര്‍മ്മന്‍ തിരുപ്പിറവി പിരമിഡുണ്ട്; ബെത്ലഹേമില്‍ നിന്നുള്ള ഒലിവ് മരത്തില്‍ നിര്‍മ്മിച്ച ഒരു പുല്്‌ത്തൊട്ടി രംഗവും കടും വര്‍ണ്ണത്തിലുള്ള ഒരു മെക്‌സിക്കന്‍ നാടോടി പതിപ്പും ഉണ്ട്. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും പ്രിയങ്കരം ആഫ്രിക്കയില്‍ നിന്നുള്ള വിചിത്രമായ ഒന്നാണ്. കൂടുതല്‍ പരമ്പരാഗത ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും പകരം, ഒരു ഹിപ്പോപ്പൊട്ടാമസാണ് യേശുക്കുഞ്ഞിനെ ഉറ്റുനോക്കുന്നത്.

യേശുവിന്റെ ജനനം ഒരു ജനതയ്ക്കോ സംസ്‌കാരത്തിനോ മാത്രമായിരുന്നില്ല എന്നതിന്റെ മനോഹരമായ ഈ ഓരോ ഓര്‍മ്മപ്പെടുത്തലും ഞാന്‍ വീക്ഷിക്കുമ്പോള്‍ ഈ തിരുപ്പിറവി രംഗങ്ങളിലൂടെ സജീവമാക്കുന്ന അതുല്യമായ സാംസ്‌കാരിക വീക്ഷണങ്ങള്‍ എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. ഇത് മുഴു ഭൂമിക്കും ഉള്ള സന്തോഷവാര്‍ത്തയാണ്, എല്ലാ രാജ്യങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് സന്തോഷിക്കാനുള്ള ഒരു കാരണമാണിത്.

ഞങ്ങളുടെ ഓരോ തിരുപ്പിറവി രംഗത്തിലും ചിത്രീകരിച്ചിരിക്കുന്ന ശിശു മുഴുലോകത്തിനും വേണ്ടിയുള്ള ദൈവത്തിന്റെ ഹൃദയത്തിന്റെ ഈ സത്യം വെളിപ്പെടുത്തി. നിക്കോദേമൊസ് എന്ന പരീശനുമായുള്ള ക്രിസ്തുവിന്റെ സംഭാഷണവുമായി ബന്ധപ്പെട്ട് യോഹന്നാന്‍ എഴുതിയതുപോലെ, ''തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു'' (യോഹന്നാന്‍ 3:16) .

യേശു എന്ന ദാനം എല്ലാവര്‍ക്കും സന്തോഷവാര്‍ത്തയാണ്. ഭൂമിയില്‍ നിങ്ങള്‍ എവിടെ പാര്‍ത്താലും യേശുവിന്റെ ജനനം നിങ്ങള്‍ക്കുള്ള സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവിക വാഗ്ദാനമാണ്. ക്രിസ്തുവില്‍ പുതിയ ജീവിതം കണ്ടെത്തുന്ന ''സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള'' എല്ലാവരും ഒരു ദിവസം ദൈവത്തിന്റെ മഹത്വം എന്നെന്നേക്കും ആഘോഷിക്കും (വെളിപ്പാട് 5:9).

സമാധാനം പൊട്ടിപ്പുറപ്പെടുമ്പോള്‍

1914 ല്‍ ബെല്‍ജിയത്തിലെ ഒരു തണുത്ത ക്രിസ്തുമസ് രാവില്‍, പട്ടാളക്കാര്‍ ഒളിച്ചിരിക്കുന്ന ട്രെഞ്ചുകളില്‍നിന്ന് ഗാനങ്ങള്‍ ആലപിക്കുന്ന ശബ്ദം ഉയര്‍ന്നു. ''സൈലന്റ് നൈറ്റ്'' ന്റെ വരികള്‍ ജര്‍മ്മന്‍ ഭാഷയിലും തുടര്‍ന്ന് ഇംഗ്ലീഷിലും മുഴങ്ങി. കഴിഞ്ഞ പകലില്‍ പരസ്പരം വെടിയുതിര്‍ത്തുകൊണ്ടിരുന്ന സൈനികര്‍ ആയുധങ്ങള്‍ താഴെവെച്ച് അവരുടെ ട്രെഞ്ചുകളില്‍നിന്നു കയറി അവര്‍ക്കിടയിലുള്ള ''നോമാന്‍സ് ലാന്‍ഡില്‍'' വെച്ച് ഹസ്തദാനം നല്‍കുകയും ക്രിസ്തുമസ് ആശംസകളും തങ്ങളുടെ റേഷനില്‍ നിന്ന് സ്വമേധയാ സമ്മാനങ്ങളും കൈമാറി. സൈനികര്‍ സംസാരിക്കുകയും ചിരിക്കുകയും ഒരുമിച്ച് സോക്കര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതിനാല്‍ അടുത്ത ദിവസവും വെടിനിര്‍ത്തല്‍ തുടര്‍ന്നു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ പടിഞ്ഞാറന്‍ യുദ്ധമുന്നണിയില്‍ 1914 ല്‍ നടന്ന ക്രിസ്തുമസ് വെടിനിര്‍ത്തല്‍, വളരെക്കാലം മുമ്പ് ആദ്യത്തെ ക്രിസ്തുമസ് രാവില്‍ ദൂതന്മാര്‍ പ്രഖ്യാപിച്ച സമാധാനത്തിന്റെ ഒരു ഹ്രസ്വകാഴ്ച നല്‍കി. പേടിച്ചരണ്ട ഇടയന്മാരോട് ഒരു ദൂതന്‍ ഈ ആശ്വാസകരമായ വാക്കുകള്‍ പറഞ്ഞു: ''ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു' (ലൂക്കൊസ് 2:10-11). അപ്പോള്‍ ഒരു കൂട്ടം ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടു, അവര്‍ ''ദൂതനോട് ചേര്‍ന്ന് ദൈവത്തെ പുകഴ്ത്തി. 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം' എന്ന് പറയുകയും ചെയ്തു (വാ. 13-14).

നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന ''സമാധാന പ്രഭു'' ആണ് യേശു (യെശയ്യാവ് 9:6). ക്രൂശിലെ തന്റെ ത്യാഗത്തിലൂടെ അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അവന്‍ പാപമോചനവും ദൈവത്തോട് സമാധാനവും നല്‍കുന്നു.

പുറമേയുള്ള തിളക്കമല്ല, തേജസ്സാണ്

എന്റെ മകന്‍ സേവ്യര്‍, വര്‍ഷങ്ങള്‍കൊണ്ടു രൂപകല്‍പ്പന ചെയ്തു കൈകൊണ്ട് നിര്‍മ്മിച്ച ക്രിസ്മസ് ആഭരണങ്ങളും മുത്തശ്ശി അവന് വര്‍ഷംതോറും സമ്മാനിച്ചിരുന്ന പൊരുത്തപ്പെടാത്ത കളിപ്പാട്ടങ്ങളും നോക്കിക്കൊണ്ടിരുന്നപ്പോള്‍, എന്തുകൊണ്ടാണ് ഞങ്ങളുടെ അലങ്കാരങ്ങളില്‍ ഞാന്‍ സംതൃപ്തയാകാത്തതെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഓരോ അലങ്കാരവും പ്രതിനിധീകരിക്കുന്ന സര്‍ഗ്ഗാത്മകതയെയും ഓര്‍മ്മകളെയും ഞാന്‍ എല്ലായ്‌പ്പോഴും വിലമതിക്കാറുണ്ട്. പിന്നെ എന്താണ് ചില്ലറ വില്‍പ്പനശാലകളുടെ അവധിക്കാല പ്രദര്‍ശനങ്ങളിലെ ആകര്‍ഷണമായ, തമ്മില്‍ പൊരുത്തപ്പെടുന്ന ബള്‍ബുകള്‍, തിളങ്ങുന്ന ഗോളങ്ങള്‍, സാറ്റിന്‍ റിബണുകള്‍ എന്നിവയാല്‍ അലങ്കരിച്ച ഒരു വൃക്ഷത്തെ മോഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്?

ഞങ്ങളുടെ എളിയ അലങ്കാരത്തില്‍ നിന്ന് ഞാന്‍ പിന്തിരിയാന്‍ തുടങ്ങിയപ്പോള്‍, യേശു, എന്റെ രക്ഷകന്‍ എന്ന ലളിതമായ ഒരു വാക്യം രേഖപ്പെടുത്തിയ ചുവന്ന, ഹൃദയത്തിന്റെ ആകൃതിയിലുള്ള, ഒരു ആഭരണം എന്റെ കണ്ണില്‍ പെട്ടു. ക്രിസ്തുമസ് ആഘോഷിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന കാരണങ്ങള്‍ എന്റെ കുടുംബവും ക്രിസ്തുവിലുള്ള എന്റെ പ്രത്യാശയുമാണെന്ന് എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും? ഞങ്ങളുടെ ലളിതമായ ട്രീ കടകളില്‍ കാണുന്നവപോലെ ഒന്നും അല്ലെങ്കിലും, ഓരോ അലങ്കാരത്തിനും പിന്നിലുള്ള സ്‌നേഹമാണ് അതിനെ മനോഹരമാക്കുന്നത്്.

നമ്മുടെ ലളിതമായ വൃക്ഷത്തെപ്പോലെ, മശിഹാ ലോകത്തിന്റെ പ്രതീക്ഷകളെ ഒരു തരത്തിലും പാലിച്ചില്ല (യെശയ്യാവ് 53: 2). യേശു ''നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും' ഇരുന്നു (വാ. 3). എന്നിരുന്നാലും, സ്‌നേഹത്തിന്റെ വിസ്മയകരമായ ഒരു പ്രകടനത്തിലൂടെ, അവന്‍ ഇപ്പോഴും ''നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റ്'' ഇരിക്കുന്നതു തിരഞ്ഞെടുത്തു (വാ. 5). അവന്‍ ശിക്ഷ സഹിച്ചതിനാല്‍ നമുക്ക് സമാധാനം ലഭിച്ചു (വാ. 5). അതിനേക്കാള്‍ മനോഹരമായി മറ്റൊന്നുമില്ല.

ഞങ്ങളുടെ അപൂര്‍ണ്ണമായ അലങ്കാരങ്ങളോടും ഞങ്ങളുടെ സമ്പൂര്‍ണ്ണ രക്ഷകനോടും ഒത്ത് പുതുക്കപ്പെട്ട നന്ദിയോടെ, ഞാന്‍ പുറമേയുള്ള തിളക്കത്തിനായുള്ള ആഗ്രഹം നിര്‍ത്തി, ദൈവത്തിന്റെ മഹത്വപൂര്‍ണ്ണമായ സ്‌നേഹത്തെ സ്തുതിച്ചു. തിളങ്ങുന്ന അലങ്കാരങ്ങള്‍ക്ക് ഒരിക്കലും അവന്റെ ത്യാഗപൂര്‍ണ്ണമായ സൗന്ദര്യത്തോടു കിടപിടിക്കാന്‍ കഴികയില്ല.

നല്ല പുസ്തകവുമായി ചുരുണ്ടുകൂടുക

ഐസ്ലാന്റ് എന്ന ചെറിയ രാജ്യം വായനക്കാരുടെ രാജ്യമാണ്. വാസ്തവത്തില്‍, ഈ രാജ്യം ഓരോ വര്‍ഷവും മറ്റേതൊരു രാജ്യത്തേക്കാളും ആളോഹരിപ്രകാരം കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും വായിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ക്രിസ്മസ് തലേരാത്രിയില്‍, ഐസ്ലാന്‍ഡുകാര്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നതും രാത്രി വൈകിയും വായിക്കുന്നതും അവരുടെ പാരമ്പര്യമാണ്. ഈ പാരമ്പര്യം രണ്ടാം ലോക മഹായുദ്ധം മുതലാരംഭിച്ചതാണ്. ഇറക്കുമതി പരിമിതപ്പെടുത്തിയിരുന്നെങ്കിലും അന്ന് കടലാസിനു വിലക്കുറവായിരുന്നു. ശരത്കാലം വൈകിയും ഐസ്ലാന്‍ഡിക് പ്രസാധകര്‍ വിപണിയെ പുസ്തകങ്ങള്‍ കൊണ്ടു നിറക്കാന്‍ തുടങ്ങി. ഇപ്പോള്‍ രാജ്യത്തിന്റെ പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പട്ടിക നവംബര്‍ പകുതിയോടെ എല്ലാ വീടുകളിലേക്കും അയയ്ക്കുന്നു. ഈ പാരമ്പര്യത്തെ ക്രിസ്മസ് പുസ്തക പ്രളയം എന്ന് വിളിക്കുന്നു.

ഒരു നല്ല കഥ തയ്യാറാക്കാനും അവരുടെ വാക്കുകളിലൂടെ മറ്റുള്ളവരെ പഠിപ്പിക്കാനും പ്രചോദിപ്പിക്കാനും ഉത്സാഹിപ്പിക്കാനും അനേകര്‍ക്ക് ദൈവം കഴിവുകള്‍ കൊടുത്തതിനു നമുക്കു നന്ദിയുള്ളവരായിരിക്കാം. ഒരു നല്ല പുസ്തകം പോലെ മറ്റൊന്നുമില്ല! എക്കാലത്തെയും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകമായ ബൈബിള്‍ രചിച്ചത് കവിതയിലും ഗദ്യത്തിലും എഴുതിയ നിരവധി എഴുത്തുകാര്‍ ചേര്‍ന്നാണ് - ചിലത് മികച്ച കഥകള്‍, ചിലത് അങ്ങനെയല്ല - എന്നാല്‍ എല്ലാം ദൈവപ്രചോദിതമാണ്. അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഓര്‍മ്മിപ്പിച്ചതുപോലെ, ''എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു' (2 തിമൊഥെയൊസ് 3:16-17). ബൈബിള്‍ വായന പാപബോധം വരുത്തുകയും പ്രചോദിപ്പിക്കുകയും അവനുവേണ്ടി ജീവിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു - ഒപ്പം സത്യത്തിലേക്കു നമ്മെ വഴികാട്ടുകയും ചെയ്യുന്നു (2:15).

നമ്മുടെ വായനയില്‍, എല്ലാറ്റിലും ശ്രേഷ്ഠ ഗ്രന്ഥമായ ബൈബിളുമായി വേറിട്ടിരിക്കുവാന്‍ സമയം കണ്ടെത്താന്‍ മറക്കരുത്.